ബാങ്കിംഗ്, നികുതി മേഖലകളിൽ സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും ആശ്വാസവും ജാഗ്രതയും നൽകുന്ന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. വായ്പാ നിയമങ്ങളിലെ പുതിയ ഇളവുകളും ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയുമാണ് പുതുവർഷത്തിന് തൊട്ടുമുമ്പ് പുറത്തുവന്നിരിക്കുന്നത്.
വാണിജ്യ ബാങ്കുകളിൽ നിന്ന് സൂക്ഷ്മ-ചെറുകിട സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് നാളെ (ജനുവരി 1) മുതൽ പ്രീ-പേയ്‌മെന്റ് ചാർജ് അഥവാ ഫോർക്ലോഷർ ചാർജ് ഈടാക്കില്ല. നിലവിൽ ഫ്ലോട്ടിംഗ് റേറ്റ് ബാധകമായ വായ്പകൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അടച്ചുതീർക്കുമ്പോൾ ബാങ്കുകൾ വലിയൊരു തുക പിഴയായി ഈടാക്കാറുണ്ടായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം 50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈ അധിക ബാധ്യത ഇനി ഉണ്ടാകില്ല. ടിയർ 4 വിഭാഗത്തിൽപ്പെടുന്ന പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾ, വലിയ എൻ.ബി.എഫ്.സികൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. വ്യക്തികൾ എടുക്കുന്ന വായ്പകൾക്ക് ആർ.ബി.ഐയുടെ നിലവിലെ ചട്ടപ്രകാരം ഫോർക്ലോഷർ ഫീസ് ഈടാക്കില്ലെങ്കിലും, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾക്കും കൂടി ഈ ആനുകൂല്യം ലഭിക്കുന്നത് വലിയ മാറ്റമുണ്ടാക്കും.
2024-25 സാമ്പത്തിക വർഷത്തെ വൈകിയുള്ള ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് (ഡിസംബർ 31) രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിന്നീട് വലിയ പിഴയോടു കൂടി മാത്രമേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.
വാർഷിക വരുമാനത്തിന് അനുസരിച്ചാണ് പിഴ തുക നിശ്ചയിച്ചിരിക്കുന്നത്. 5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ, ഇവർ 5,000 രൂപ പിഴയായി നൽകേണ്ടി വരും. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവർ, ഇവർക്ക് 1,000 രൂപയാണ് പിഴ ഈടാക്കുന്നത്. അതേസമയം, റിട്ടേൺ നേരത്തെ ഫയൽ ചെയ്തവർക്ക് അതിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ പിഴയില്ലാതെ തിരുത്താനുള്ള അവസാന അവസരവും ഇന്ന് (ഡിസംബർ 31) അവസാനിക്കും.

0 Comments