പുതുവർഷാഘോഷത്തെ വരവേൽക്കാൻ കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോ

 




കൊച്ചി: പുതുവർഷാഘോഷങ്ങൾക്കായി നഗരത്തിലെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ വർധിപ്പിച്ചു. ഡിസംബർ 31-ന് അർധരാത്രിക്ക് ശേഷവും സർവീസുകൾ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

കൊച്ചി മെട്രോ ട്രെയിൻ

പുതുവർഷത്തലേന്ന് (ഡിസംബർ 31) പുലർച്ചെ 1.30 വരെ മെട്രോ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നുമുള്ള അവസാന സർവീസുകൾ പുലർച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകൾ പുലർച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയിൽ നിന്നുള്ള സർവീസുകൾ രാത്രി 11 മണി വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്.

കൊച്ചി വാട്ടർ മെട്രോ

വാട്ടർ മെട്രോയുടെ ഹൈക്കോർട്ട്-മട്ടാഞ്ചേരി, ഹൈക്കോർട്ട്-വൈപ്പിൻ, ഹൈക്കോർട്ട്-ഫോർട്ട് കൊച്ചി റൂട്ടുകളിലെ പതിവ് സർവീസ് ഡിസംബർ 31-ന് രാത്രി 7 മണിക്ക് അവസാനിക്കും. എന്നാൽ, പുതുവർഷം പ്രമാണിച്ച് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ 4 മണി വരെ ഹൈക്കോർട്ട്-മട്ടാഞ്ചേരി, ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ ഉണ്ടാകും. മറ്റ് റൂട്ടുകളിലെ സർവീസുകൾ പതിവുപോലെ തുടരും.

ഇലക്ട്രിക് ഫീഡർ ബസ്

ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ 4 മണി വരെ വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിൽ ഫീഡർ ബസുകൾ സർവീസ് നടത്തും. ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് റെയിൽവേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എത്തുന്നതിനായി ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ സർവീസും ഇതേ സമയത്ത് ലഭ്യമായിരിക്കും.

Post a Comment

0 Comments