കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ മദ്യവിൽപ്പനയിൽ വൻ വർധനവ്. കടവന്ത്രയിലുള്ള ബെവ്കോ ഔട്ട്ലെറ്റിൽ മാത്രം ഒരു ദിവസം ഒരു കോടി രൂപയിലധികം (1,00,16,610 രൂപ) മദ്യമാണ് വിറ്റുപോയത്. സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ രണ്ടാം സ്ഥാനവും കൊച്ചിക്കാണ്. രവിപുരത്തെ ഔട്ട്ലെറ്റിൽ 95,08,670 രൂപയുടെ മദ്യം വിറ്റു. 82,86,090 രൂപയുടെ വിൽപ്പന നടന്ന എടപ്പാൾ കുറ്റിപ്പാലത്തുള്ള ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ വിൽപ്പനയുമായി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്ന കടവന്ത്ര ഔട്ട്ലെറ്റ്, പുതുവർഷത്തലേന്ന് റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ആകെ ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടന്നതിൽ 69.78 ലക്ഷം രൂപയും ഇന്ത്യൻ നിർമിത വിദേശ മദ്യമായിരുന്നു (IMFL). വിദേശ നിർമിത മദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (3 ലക്ഷം), വിദേശ നിർമിത വൈൻ (42,710 രൂപ) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വിൽപ്പന കണക്കുകൾ.
ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം 105.78 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ (2024) 97.13 കോടി രൂപയേക്കാൾ ഏകദേശം 8.65 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 92.89 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പട്ടികയിൽ ഒന്നാമത്. 9.83 കോടി രൂപയുടെ ബിയറും 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും വിറ്റഴിഞ്ഞു.

0 Comments