പേരാവൂർ : മാർച്ച് 13, 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മദിന സമ്മേളനവും മഹാറാലിയും വിജയിപ്പിക്കുന്നതിനായി പേരാവൂർ മേഖലാ കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. സമ്മേളനത്തിന്റെ ഭാഗമായി പേരാവൂർ മേഖലയിലെ എല്ലാ യൂണിറ്റുകളിലും സംഘാടകസമിതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.
കുടിയിറക്കപ്പെടുന്ന കർഷക സമൂഹം, ഹനിക്കപ്പെടുന്ന മതസൗഹാർദ്ദം, വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകൾ എന്നീ മൂന്ന് പ്രധാന വിഷയങ്ങൾ മുദ്രാവാക്യങ്ങളാക്കി കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളന വിജയം ഉറപ്പാക്കുന്നതിനായി മേഖലയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.
പേരാവൂർ മേഖലയിൽ നിന്ന് പതിനായിരം പേരെ മഹാറാലിയിൽ പങ്കാളികളാക്കുന്നതിനും യോഗം തീരുമാനമെടുത്തു.
യോഗം ആർച്ച് പ്രീസ്റ്റ് റവ. ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ സമ്മേളന മാർഗരേഖ അവതരിപ്പിച്ചു. മേഖലാ ഡയറക്ടർ റവ. ഫാ. തോമസ് പട്ടാംകുളം മേഖലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫൊറോന പ്രസിഡണ്ട് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു.
ജോബി കുര്യൻ, ഒ. മാത്യു, ബ്രിട്ടോ ജോസ്, ജിജി ചാറ്റാനി, ജോർജ് പള്ളിക്കുടി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ചർച്ചകൾക്ക് നേതൃത്വം നൽകി.
0 Comments