ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 169 പേര്‍ ചികിത്സയിലാണ്. ഭഗീരഥപുരയിലാണ് സംഭവം. ഇന്നലെ ഏഴ് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടി. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിരവധിപ്പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.
ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു. അതേസമയം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്ന് ഇന്‍ഡോര്‍ മേയര്‍ ഭാര്‍ഗവ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരൻ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നാലെയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് 2,703 വീടുകളിൽ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭഗീരത്പുരയിലെ പ്രധാന ജലവിതരണ പൈപ്പ്‌ലൈനിൽ ചോർച്ച കണ്ടെത്തിയതായി മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൈപ്പിന് മുകളിലൂടെ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.
0 Comments