കണ്ണൂർ: മാരകമായ സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി കണ്ണൂർ പാപ്പിനിശ്ശേരിയിൽ യുവതി പിടിയിലായി. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനി എ. ഷിൽനയാണ് (32) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന കാരിയറാണ് ഇവരെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം ഗോവയിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ഷിൽന രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. എന്നാൽ ജയിൽ മോചിതയായതിന് ശേഷവും ഇവർ ലഹരി വിൽപനയിൽ സജീവമാണെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ എക്സൈസ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ. വൈ. ജസീറലിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന 0.459 ഗ്രാം മെത്താംഫെറ്റാമൈൻ എക്സൈസ് സംഘം കണ്ടെടുത്തു. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഉറവിടങ്ങളെക്കുറിച്ചും കണ്ണൂരിലെ ലഹരി ശൃംഖലയെക്കുറിച്ചും എക്സൈസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments