ഹമാസ് ബന്ധം ആരോപിച്ച് യു.എൻ ഏജൻസികൾ ഉൾപ്പെടെ 37 അന്താരാഷ്ട്ര എൻജിഒകളുടെ ലൈസൻസ് റദ്ദാക്കിയ ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധവും സമീപകാല പ്രകൃതിക്ഷോഭവും തകർത്ത ഗസ്സയിൽ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതാകും ഈ നീക്കം. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ മെഡിക്കൽ കെയർ ചാരിറ്റിയായ എംഎസ്എഫ് അടക്കമുളളവക്കാണ് വിലക്ക്. യുഎൻ ചാർട്ടറിന് വിരുദ്ധമായ തീരുമാനമാണിതെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഇതോടെ കൂടുതൽ തീവ്രമാകുമെന്നും ആംനസ്റ്റി ഉൾപ്പെടെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. അതിനിടെ, റഫ ക്രോസിങ് വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദത്തിന്‍റെ ഫലമായാണ് തീരുമാനം വന്നതെന്നാണ് റിപ്പോർട്ട്. ഗസ്സയിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പുറംലോകവുമായുള്ള ഏക ബന്ധമാണ് റഫ ക്രോസിങ്. ഖാൻ യൂനുസിലും മറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇതോടെ വെടിനിർത്തൽ ലംഘിച്ച് നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 415 ആയി. അതിശൈത്യം കാരണം ഒരു കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു. ഇസ്രായേലിനെതിരെ ഉപരോധങ്ങളും ആയുധ ഉപരോധവും ഏർപ്പെടുത്താൻ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെട്ടു.
0 Comments