റഷ്യൻ എണ്ണ വാങ്ങിയാൽ 500 ശതമാനം വരെ നികുതി ചുമത്താം, പുതിയ ബില്ലുമായി ട്രംപ് ഭരണകൂടം



വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താൻ അനുമതി നൽകുന്ന ബില്ലുമായി അമേരിക്ക. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധസന്നാഹങ്ങൾക്ക് സാഹായം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ പാസാക്കാനിരിക്കുന്ന പുതിയ ബില്ലിന് ട്രംപ് അനുമതി നൽകി കഴിഞ്ഞു.

ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികളെ ലക്ഷ്യമാക്കിയുള്ള 'റഷ്യ ഉപരോധ ബില്ലി'ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "ഗ്രീൻലൈറ്റ്" നൽകിയതായി പ്രതിരോധ വിദഗ്ദ്ധനായ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം വെളിപ്പെടുത്തി.

ബില്ല് വ്യവസ്ഥ ചെയ്യുന്നത് പ്രകാരം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച തന്നെ ഈ ബില്ല് വോട്ടിങിന് വരാൻ സാധ്യതയുണ്ടെന്ന് സെനറ്റർ ഗ്രഹാം വ്യക്തമാക്കി.

എണ്ണയ്ക്ക് പുറമെ റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കും ഈ തീരുവ ബാധകമായിരിക്കും. റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ബുധനാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായും മാസങ്ങളായി ചർച്ചയിലായിരുന്ന ബില്ലിന് പ്രസിഡന്റ് പിന്തുണ നൽകിയതായും ഗ്രഹാം പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.

റഷ്യൻ ഉപരോധ ബിൽ

ഈ ബിൽ, റഷ്യയുടെ എണ്ണ, വാതകം, യുറേനിയം, മറ്റ് കയറ്റുമതികൾ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ഏർപ്പെടുത്താൻ ഭരണകൂടത്തെ അനുവദിക്കുന്നു. റഷ്യയുടെ സൈനിക നടപടികൾക്ക് ധനസഹായം നൽകുന്ന ഉറവിടം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമായി പറയുന്നത്. ഫലത്തിൽ ഇത് റഷ്യൻ ഉപരോധ ബില്ലായി മാറുന്നു.

ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും, റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ചേർന്നാണ് ഇതിന് രൂപകല്പന നൽകിയത് എന്നാണ് റിപ്പോർട്. ഇതിന് പുറമെ റിപ്പബ്ലിക്കൻ പ്രതിനിധി ബ്രയാൻ ഫിറ്റ്സ്പാട്രിക് തയ്യാറാക്കിയ ഒരു സഹ ബില്ലും ഹൗസിന്റെ പരിഗണനയിലുണ്ട്.

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ അന്തിമമാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.

Post a Comment

0 Comments