ഓട്ടത്തിനിടെ ബിഇ 6 കത്താന്‍ കാരണമെന്ത്? വിശദീകരണവുമായി മഹീന്ദ്ര

 


ഇന്ത്യന്‍ കാര്‍ വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് മഹീന്ദ്ര അവതരിപ്പിച്ച പുതുതലമുറ ഇലക്ട്രിക് എസ്‌യുവിയാണ് ബിഇ 6. ആരും നോക്കിനിന്നുപോകുന്ന ഡിസൈനും മികച്ച പ്രകടനവുമായി ഇലക്ട്രിക് കാര്‍ വിപണിയില്‍ ചലനമുണ്ടാക്കാന്‍ ബിഇ 6ന് കഴിഞ്ഞു. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ വലിയ അവകാശവാദവുമായി എത്തിയ കാര്‍ കത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏറെ സുരക്ഷിതമെന്ന് അവകാശപ്പെട്ട ബിഇ 6ന് തീപ്പിടിച്ചത് വാഹനപ്രേമികളെയും ഉടമകളെയും ഒരേപോലെ ആശങ്കയിലാക്കുകയും ചെയ്തു. ഇപ്പോഴിതാ, കാര്‍ കത്തിയതില്‍ വിശദീകരണവുമായി മഹീന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

യുപിയിലെ ഹാപൂരിലെ കുറാനാ ടോള്‍ പ്ലാസക്ക് സമീപത്തുവെച്ചാണ് ബിഇ 6 കത്തിയത്. എന്നാല്‍, വാഹനത്തിന്റെ ബാറ്ററിയിലോ ഇലക്ട്രിക് മോട്ടോറിലോ ഉണ്ടായ പോരായ്മയല്ല തീപിടിത്തത്തിന് കാരണമെന്നാണ് മഹീന്ദ്ര പറഞ്ഞിരിക്കുന്നത്. കാറിന്റെ പിന്നിലെ ടയര്‍ പങ്ചറായിരുന്നെന്നും ഈ അവസ്ഥയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയതാണ് അപകട കാരണമെന്നും മഹീന്ദ്ര പറയുന്നു. കാറിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡ്രൈവറും കാറിലുണ്ടായിരുന്നവരും സുരക്ഷിതരായി പുറത്തുകടന്നു. കാര്‍ പങ്ചറായത് സംബന്ധിച്ച് സുരക്ഷാ സംവിധാനം ക്ലസ്റ്ററില്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് കൊടുത്തിരുന്നു. വീല്‍ സ്ലിപ്പ് നിയന്ത്രിക്കാന്‍ ഇഎസ്പി, ടിസിഎസ് സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഹനത്തിന്റെ സെന്‍സറുകളും കാണിക്കുന്നു. ടയറില്‍ തീരെ കാറ്റില്ലാതെ 10 മിനിറ്റോളം ഓടി. ഇതേ തുടര്‍ന്ന് റോഡില്‍ ഉരഞ്ഞ് ചൂടായി തീപിടിക്കുകയായിരുന്നെന്ന് മഹീന്ദ്ര പറയുന്നു. എന്നിട്ടും ബാറ്ററി പാക്കിനും മോട്ടോറിനും കേടുപാട് സംഭവിച്ചിട്ടില്ല.

തങ്ങളുടെ എല്ലാ വാഹനങ്ങളും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണെന്നും വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും മഹീന്ദ്ര അഭ്യര്‍ഥിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും മഹീന്ദ്ര പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments