പാലക്കാട്: പുതിയ പാസ്പോർട്ട് ഉള്ള പ്രവാസികൾക്ക് എസ്ഐആറിൽ വോട്ട് ചേർക്കാനാകുന്നില്ല. പുതിയ പാസ്പോർട്ട് നമ്പറിലെ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഒന്ന് വെബ്സൈറ്റിൽ കൃത്യമായി രേഖപ്പെടുത്താൻ സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ത്യക്ക് പുറത്ത് ജനിച്ചവരെ ഉൾപ്പെടുത്താനുള്ള ഓപ്ഷനും നിലവിൽ വന്നിട്ടില്ല.
വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പ്രവാസി വോട്ടർ എന്ന ഗണത്തിൽ വോട്ട് ചേർക്കാൻ കഴിയുക. ഇതിന് പാസ്പോർട്ട് നമ്പർ നിർബന്ധമാണ്. പഴയ പാസ്പോര്‍ട്ടുകളിൽ ആദ്യം ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരവും പിന്നീട് 7 സംഖ്യകളുമാണ് ഉണ്ടാവുക . ഈ രീതിയിൽ ഉള്ള പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാൻ തടസമില്ല . എന്നാൽ പുതിയ പാസ്പോർട്ടുകളിൽ ആദ്യ രണ്ട് ഇംഗ്ലീഷ് അക്ഷരത്തിന് ശേഷമാണ് നമ്പറുകൾ വരുന്നത്. ഇത്തരം പാസ്പോർട്ട് ഉള്ളവർക്ക് ഫോം 6A പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ല. പുതിയ പാസ്പോര്‍ട്ട് നമ്പറിൻ്റെ മാതൃകയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ മാറ്റം വരുത്തിയിട്ടില്ല.
ഇന്ത്യക്ക് പുറത്തെ ആശുപത്രികളിൽ ജനിച്ച ഇന്ത്യൻ പൗരൻമാരുടെ മക്കളെയും എസ്ഐആറിൽ ചേർക്കാനുള്ള സംവിധാനവും ആയിട്ടില്ല. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളുടെ ഓപ്ഷനും അതിൽ കയറിയാൽ വിവിധ ജില്ലകളുമാണ് വരുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഇന്ത്യൻ മിഷൻ നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഉണ്ടാകും. എന്നാൽ ഇത് അപ്‍ലോഡ് ചെയ്യാൻ പോലും കഴിയുന്നില്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജില്ലാ കലക്ടർമാരും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

0 Comments