മലപ്പുറം: ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ എസ്ഐആര്‍ കരട് പട്ടികയിൽ നിന്ന് പുറത്തായി. മൂർക്കനാട് പഞ്ചായത്തിലെ കുളത്തൂർ കുറുപ്പത്താലിലെ 205-ാം ബൂത്തിൽ നിന്ന് 500 ലധികം പേരാണ് പുറത്തായത്.
തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181-ാം ബൂത്തിൽ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂർ 62-ാം ബൂത്തിൽ 298 പേരും കരട് വോട്ടർ ലിസ്റ്റിൽ നിന്ന് പുറത്തായി.ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവരോട് ജനുവരി 14ന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ രീതിയില്‍ നൂറുക്കണക്കിന് വോട്ടര്‍മാര്‍ പുറത്തായിരുന്നു. കുറ്റ്യാടിയിലെ 106 ബൂത്തില്‍ ബിഎല്‍ഒയുടെ അനാസ്ഥമൂലം അഞ്ഞൂറോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. എസ്ഐആറിന്‍റെ പൂരിപ്പിച്ച ഫോം, ബിഎൽഒ ആപ്പിൽ അപ്ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്. 2002ൽ വോട്ട് ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ തെറ്റായ രീതിയിൽ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്തു . ഇതോടെ ഇത്രയും ആളുകൾ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി .
കുറ്റ്യാടി പഞ്ചായത്തിലെ 106-ാം ബൂത്തിലെ ബിഎൽഒയുടെ ഈ അശ്രദ്ധ സൃഷ്ടിച്ചത് ഗുരുതര പ്രതിസന്ധിയാണ്. ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഹിയറിങ്ങിനായി ആളുകൾക്ക് തിരിച്ച് വരേണ്ട സാഹചര്യമാണ്.സംഭവത്തിൽ ബിഎല്‍ഒക്കെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ജനപ്രതിനിധികൾ.
0 Comments