ഇനി കാത്തിരിക്കേണ്ട; ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ ലൈസൻസ് അപ്പോൾ തന്നെ!


കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഉടനടി ലൈസൻസ് ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് തന്നെ ഫലം ‘സാരഥി’ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി ലൈസൻസ് അനുവദിക്കുന്ന രീതിയിലാണ് ക്രമീകരണം. പുതിയ സംവിധാനം ഉടൻ നിലവിൽ വരുന്നതോടെ, ടെസ്റ്റ് വിജയിക്കുന്നവർക്ക് മാസങ്ങൾ നീളുന്ന കാത്തിരിപ്പില്ലാതെ ഡിജിറ്റൽ ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും.

നിലവിലെ രീതി അനുസരിച്ച്, ടെസ്റ്റ് ഗ്രൗണ്ടിലെ പരിശോധനകൾക്ക് ശേഷം വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഓഫീസിൽ തിരിച്ചെത്തിയെങ്കിൽ മാത്രമേ ലൈസൻസ് അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് പലപ്പോഴും വിതരണം വൈകാൻ കാരണമായിരുന്നു. എന്നാൽ പുതിയ പദ്ധതിയനുസരിച്ച് ഉദ്യോഗസ്ഥർക്ക് ഗ്രൗണ്ടിൽ വെച്ച് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ഈ ആവശ്യത്തിനായി ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ സർക്കാർ അനുവദിച്ചുകഴിഞ്ഞു.

മുൻകാലങ്ങളിൽ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് തപാലിൽ ലഭിക്കുന്നതിന് മാസങ്ങളോളം കാലതാമസം നേരിട്ടിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഡിജിറ്റൽ പകർപ്പുകൾക്ക് നിയമസാധുത നൽകിയത്. പുതിയ സംവിധാനം വരുന്നതോടെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുന്നതിലെ സമയനഷ്ടം പൂർണ്ണമായും ഒഴിവാകും. ഇതോടെ അപേക്ഷകർക്ക് തത്സമയം തന്നെ ഓൺലൈനിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാകും.


Post a Comment

0 Comments