ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം : മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറിയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത്


ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളെജ് തലത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത്. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍- കോളെജ് തലത്തില്‍ നിന്നും 152 ടീമുകളിലായി 303 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍തലത്തിലെ 121 ടീമുകളിലായി 242 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ 10 ന് ആരംഭിച്ച മത്സരത്തില്‍ 121 ടീമുകള്‍ക്കായി 20 ചോദ്യങ്ങളടങ്ങിയ പ്രാഥമിക റൗണ്ടാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. അതില്‍ നിന്നും തിരഞ്ഞെടുത്ത ആറ് ടീമുകളാണ് അവസാനഘട്ട മത്സരത്തില്‍ മാറ്റുരച്ചത്. തിരുവല്ല മാര്‍ത്തോമ്മ കോളെജിലെ അസിസ്റ്റന്റ് പ്രൊ. ഡോ. ജി.കെ ആഗ്‌നേയ് മത്സരത്തിന് നേതൃത്വം നല്‍കി.

മത്സരത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദിത്യന്‍ മംഗലശ്ശേരി, വേദിക് വിജയ് എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. പെരിക്കല്ലൂര്‍ ഗവ ഹൈസ്‌കൂളില്‍ എ.എസ് അന്‍സഫ് അമാന്‍, എ.എസ് അസിം ഇഷാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അന്ന ഐറിന്‍ വര്‍ക്കി, ജെ. ദില്‍നാഥ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 

കോളെജ്തല മത്സരത്തില്‍ 31 ടീമുകളില്‍ നിന്നായി 61 പേര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജിലെ ജസീം, കെ. മുഹമ്മദ് അഫ്സല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും മാനന്തവാടി ഗവ കോളെജിലെ അഭിറാം കൃഷ്ണന്‍, കെ. യാദവ് രണ്ടാം സ്ഥാനവും മാനന്തവാടി കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലെ പി.വി പ്രജുല്‍, പി.ആര്‍ ശ്രീരാഗ് എന്നിവര്‍ മൂന്നാംസ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 

സംസ്ഥാനതല മത്സരത്തില്‍ സ്‌കൂള്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം മൂന്ന് ലക്ഷവും മൂന്നാം സമ്മാനമായി രണ്ട് ലക്ഷവും ലഭിക്കും. കോളേജ്തലത്തില്‍ വിജയികളാവുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷവും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയില്‍ അന്തിമ വിജയികളെ കണ്ടെത്തും.

കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന യോഗത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് ്ക്വിസ് ജില്ലാതല നോഡല്‍ ഓഫീസര്‍ കൂടിയായ വയനാട് എന്‍ജിനിയറിങ് കോളെജ് പ്രില്‍സിപ്പാള്‍ ഡോ. പ്രദീപ്, മുട്ടില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രിന്‍സിപ്പാള്‍ വിജി പോള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഗവ കോളെജ് അസിസ്റ്റന്‍ഫ് പ്രൊ. വിനോദ് എന്നിവര്‍ വിജയകള്‍ക്ക് ചീഫ് മിനിസ്റ്റേഴ്സ് ക്വിസ് ട്രോഫി വിതരണം ചെയ്തു. പരിപാടിയില്‍ അധ്യാപകരായ കെ.ബി സുജിത്ത് കുമാര്‍, സി. രാജേഷ്, മുഹമ്മദ് സെയ്ദ്, പ്രജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, മുട്ടില്‍ കോളെജ് എന്‍.എസ്.എസ് വളണ്ടിയേഴ്സ്, അധ്യാപകര്‍, രക്ഷിതാക്കള്‍എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments