തിരുവനന്തപുരം: സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്താൻ പറ്റില്ലെന്ന നിലപാടിൽ നിന്ന് പിന്മാറി പിഎസ്‌സി. തെറ്റായ വിവരങ്ങൾ തിരുത്താനും രേഖപ്പെടുത്താൻ കഴിയാതെ പോയവ വീണ്ടും രേഖപ്പെടുത്താനും ഇനി അവസരം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുമ്പ് പ്രൊഫൈലിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും ഇനി അപേക്ഷയുടെ ഭാഗമാവും.
അപേക്ഷയിലെ ഡിക്ലറേഷൻസ് ലിങ്കിൽ ഭിന്നശേഷി, വിമുക്ത ഭടൻ, കായിക താരങ്ങൾ, എൻസിസി തുടങ്ങിയവയ്ക്കുള്ള വെയ്‌റ്റേജും മറ്റു യോഗ്യതകളും കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതിനായി എഡിറ്റ് ഓപ്ഷൻ ഉൾപ്പെടുത്തും. വിവിധ തസ്തകകളിലേക്ക് പിഎസ് സി അടുത്തതായി പുറപ്പെടുവിക്കുന്ന വിജ്ഞാപനം മുതൽ പരിഷ്‌ക്കാരം നടപ്പാക്കാനാണ് തീരുമാനം.
അപേക്ഷയിൽ തിരുത്തൽ അനുവദിക്കുന്ന തീരുമാനം ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസകരമാണ്. പല ഉദ്യോഗാർഥികളും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സംവരണം, വെയിറ്റേജ് മാർക്ക് എന്നിവ രേഖപ്പെടുത്താൻ വിട്ടുപോവാറുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം എഡിറ്റ് ചെയ്യാൻ പിഎസ് സി അനുവദിക്കാത്തത് കൊണ്ട് പലർക്കും അർഹമായ ആനുകൂല്യം നഷ്ടമാവാറുണ്ട്. പുതിയ പരിഷ്‌ക്കാരത്തോടെ അതിന് പരിഹാരമാവുകയാണ്.
0 Comments