മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ക്യാപ്റ്റൻ ശാംഭവി പഥക്. മുംബൈയിൽ നിന്ന് അജിത് പവാറുമായി പറന്ന വിമാനം പൂനെയിലെ ബാരാമതിക്ക് സമീപം ലാൻഡിങിന് മിനിറ്റുകൾക്ക് മുമ്പ് തകർന്നു വീഴുകയായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ വിധിത് ജാദവ്, വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ എന്നിവരുൾപ്പെടെ അഞ്ച് പേരും ഈ ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടു.
ക്യാപ്റ്റൻ സുമിത് കപൂറും ക്യാപ്റ്റൻ ശാംഭവി പഥക്കുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാരെന്ന് വിഎസ്ആർ ഏവിയേഷൻ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ തകർന്ന ബോംബാർഡിയർ എയ്റോസ്പേസിന്റെ ലിയർജെറ്റ് 45 എന്ന മിഡ്-സൈസ് ബിസിനസ് ജെറ്റ് വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു ക്യാപ്റ്റൻ ശാംഭവി പഥക്. വിഎസ്ആർ വെഞ്ചേഴ്‌സ് എന്ന സ്വകാര്യ കമ്പനിയുടേതായിരുന്നു ഈ വിമാനം. ഇതേ കമ്പനിയുടെ മറ്റൊരു വിമാനം 2023-ലും സമാനമായ അപകടത്തിൽപ്പെട്ടിരുന്നു.
0 Comments