ദീപക്കിന്റെ മരണം: ഇൻഫ്ലുവൻസർ ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് സർക്കുലർ; യുവതിക്കായി തെരച്ചിൽ ഊർജിതം

 

ബസിനുള്ളിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വടകര സ്വദേശിയായ ഷിംജിത നിലവിൽ ഒളിവിൽ കഴിയുകയാണ്. ഇവർ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകിയത്.

ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണം വ്യാജമാണെന്നും വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക് വലിയ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്. കേസിൽ നിർണ്ണായക തെളിവായ, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്. യുവതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, സംഭവദിവസം ബസിനുള്ളിൽ വെച്ച് പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് ബസ് ജീവനക്കാർ പൊലീസിന് മൊഴി നൽകി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ആരോപിക്കപ്പെടുന്ന തരത്തിലുള്ള അതിക്രമങ്ങൾ നടന്നതായി സൂചനകളില്ല. എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കിൽ ഉടൻ തന്നെ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കി. ദീപക്കിന്റെ സുഹൃത്തുക്കളുടെയും ബസ് ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്, ഷിംജിതയെ ഉടൻ പിടികൂടാനുള്ള നീക്കത്തിലാണ്.


Post a Comment

0 Comments