വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ; ഹർജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതി

 



ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപ പിഴയിട്ടത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവിട്ടു.

റിപ്പോർട്ടർ ടി വി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേരുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിക്ക് പിഴ ഇടണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി

Post a Comment

0 Comments