യുക്രെയ്‌നെതിരെ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ചു; ആക്രമണം സ്ഥിരീകരിച്ച് റഷ്യ

 



യുക്രെയ്‌നെതിരെ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് റഷ്യ. 5500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന, ശബ്ദത്തേക്കാൾ പത്തിരട്ടി വേഗതയുള്ള അത്യാധുനിക റഷ്യൻ മിസൈലാണ് ഒറെഷ്‌നിക് മിസൈൽ. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ആക്രമണവിവരം പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റിന്റെ വസതിക്കു നേരെ യുക്രെയ്ൻ ആക്രമണം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ആണവായുധങ്ങൾ വഹിക്കാനാകുന്ന ഒറെഷ്‌നിക് മിസൈൽ ബെലാറസിൽ റഷ്യ വിന്യസിച്ചത്.

നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഒദ്യോഗിക വസതിയിലേക്ക് യുക്രൈൻ ആക്രമണം നടത്തിയെന്ന വിവരം റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവ്റോവാണ് പുറത്തുവിട്ടത്. ഡിസംബർ 28, 29 തീയതികളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചെന്ന് ലവ്റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ‘ആ രാജ്യത്തിന്റെ ഭീകരവാദം’ ആണെന്ന് പറഞ്ഞ ലവ്റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഈ ആരോപണം തള്ളി. റഷ്യ പച്ചക്കള്ളം പറയുകയാണെന്നും യുക്രൈനെതിരായ പുതിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

0 Comments