പുല്പള്ളി: താളവും മേളവും നെഞ്ചിലേറ്റിയ ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം. പുല്പള്ളിയിലെ വീട്ടിമൂലയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും പോലീസ് സംഘവും നേരിട്ടെത്തി ഗോത്രയുവാക്കള്‍ക്ക് ചെണ്ടകള്‍ സമ്മാനിച്ചു. സാമൂഹിക വിപത്തായ മറ്റു ലഹരികൾക്ക് അടിമപ്പെടാതെ വീട്ടിമൂല, ആനപ്പാറ, ചാത്തമംഗലം, പാളക്കൊല്ലി ഉന്നതികളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മുപ്പതോളം യുവാക്കള്‍ ഒത്തുകൂടി ചെണ്ട പരിശീലിക്കുന്ന വിവരം അറിഞ്ഞതോടെയാണ് ഇവര്‍ക്ക് സഹായവുമായി ജനമൈത്രി പോലീസ് രംഗത്തുവന്നത്.
കൂലിപ്പണിക്കാരും വിദ്യാര്‍ഥികളുമൊക്കെയടങ്ങുന്ന ഈ കൂട്ടം നിരവധി ജീവിതപ്രതിസന്ധികളെ അതിജീവിച്ചാണ് ചെണ്ട പരിശീലനത്തിനെത്തുന്നത്. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എ.എസ്. സജിനും വിഷ്ണുവുമാണ് ഇവരുടെ പരിശീലകര്‍. കാട്ടുനാരകത്തിന്റെ കോലുകൊണ്ട് മരത്തടിയിലും കല്ലിലും കൊട്ടിയായിരുന്നു പരിശീലനം നടത്തിയിരുന്നത്. സ്വന്തമായി ചെണ്ടയെന്ന സ്വപ്‌നത്തിന് നിറം പകരാനാണ് ജില്ലാ ജനമൈത്രിപോലീസ് ഗോത്രയുവാക്കള്‍ക്ക് രണ്ട് ചെണ്ടകള്‍ വാങ്ങി നല്‍കിയത്. പുല്പള്ളി വീട്ടിമൂലയിലെ കൈരളി ക്ലബ്ബ് ലൈബ്രറി സംഘടിപ്പിച്ച ചെണ്ടകളുടെ വിതരണം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്നിര്‍വഹിച്ചു. കൂട്ടായ്മയിൽ ഇനിയും അംഗങ്ങൾ ഉണ്ടാകട്ടെയെന്നും, നിരവധി വേദികളും അവസരങ്ങളും ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുല്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.യു. മഹേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, ലൈബ്രറി പ്രസിഡന്റ് വി.എം. മനോജ്, എസ്.ഐ. ജിതിന്‍, ടി.എം. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിറഞ്ഞ സദസിനും പോലീസ് ഉദ്യോഗസ്ഥർക്കും മുൻപിൽ തങ്ങൾക്ക് ലഭിച്ച ചെണ്ടകളുമായി യുവാക്കൾ കൊട്ടികയറി. പോലീസ് മേധാവിയും ചെണ്ടയിൽ താളം പിടിച്ചത് കാണികൾക്ക് കൗതുകമായി. ഗോത്ര മേഖലയിലെ യുവതി-യുവാക്കളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്കെതിരെ പോരാടാനും പിന്തുണയുമായി വയനാട് പോലീസ് എന്നും ഒപ്പമുണ്ടാവുമെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകി.

0 Comments