സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പിന് പണം വാങ്ങി: കൊച്ചിയിൽ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 



കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പിന് പണം വാങ്ങിയ പൊലീസുകാർക്കെതിരെ നടപടി. എറണാകുളം കുറുപ്പുംപടി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസിൽ വിജിലൻസ് കൊച്ചി യൂണിറ്റ് പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവം. ഗുജറാത്തിലെ രണ്ട് പൊലീസുകാർ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പ്രതികളെ കുറുപ്പുംപടി പൊലീസ് കണ്ടെത്തുകയും ചെയ്തു.

എന്നാൽ, കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പ്രതികളിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ വാങ്ങിയെന്നായിരുന്നു ഉയർന്ന പരാതി. ഈ തുക നാല് ഉദ്യോഗസ്ഥരും വീതിച്ചെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. പൊലീസുകാർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Post a Comment

0 Comments