പ്രവാസികൾക്ക് ആശ്വാസം! സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു; ബുക്കിംഗ് ആരംഭിച്ചു

നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി എയർലൈൻസ് മലബാറിന്റെ ആകാശത്തേക്ക് തിരിച്ചെത്തുന്നു. 2020-ലെ കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.

റിയാദ് – കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സർവീസ് അവസാനിപ്പിക്കേണ്ടി വന്ന സൗദി എയർലൈൻസിന്റെ മടങ്ങിവരവ് പ്രവാസികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസമാണ് പകരുന്നത്.

റൺവേയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച് വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം വിമാനമായ എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ റിയാദിൽ നിന്നുള്ള വിമാനം കരിപ്പൂരിലിറങ്ങും. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിലും മറ്റ് ട്രാവൽ പോർട്ടലുകളിലും ബുക്കിംഗ് സൗകര്യം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്നുള്ള സർവീസുകളാണ് ആരംഭിക്കുന്നതെങ്കിലും വരും മാസങ്ങളിൽ ജിദ്ദ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്നാണ് സൂചന.

Post a Comment

0 Comments