ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ; അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും

 



ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. നിര്‍മാതാക്കള്‍ നല്‍കിയ അപ്പീലാണ് വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.

നടന്‍ വിജയ് യുടെ അവസാന ചിത്രമായ ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താരത്തിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരത്തിലുള്ള പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. പലയിടത്തും ഷോകള്‍ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നു.

ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post a Comment

0 Comments