കെഎസ്ആർടിസിയുടെ ‘മെഗാ’ സർവീസ്; മകരവിളക്ക് മടക്കയാത്രയ്ക്ക് പമ്പയിൽ ആയിരം ബസുകൾ

 


പത്തനംതിട്ട: മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തർക്കായി പമ്പയിൽ ചരിത്രത്തിലാദ്യമായി 1,000 കെഎസ്ആർടിസി ബസുകൾ അണിനിരക്കുന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭക്തരുടെ മടക്കയാത്ര സുഗമമാക്കുന്നതിനായി അതിവിപുലമായ മുന്നൊരുക്കങ്ങളാണ് ഇത്തവണ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

നിലവിൽ പമ്പാ പരിസരത്തും വിവിധ സ്പെഷ്യൽ സർവീസ് സെന്ററുകളിലുമായി 450-ലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്. അവയുടെ സർവീസുകൾക്ക് പുറമെ 548 ബസുകൾ കൂടി മകരവിളക്ക് ദിനത്തിൽ പ്രത്യേകമായി എത്തും. ഇതോടെ പമ്പയിൽ ലഭ്യമാകുന്ന ആകെ ബസുകളുടെ എണ്ണം ആയിരമാകും. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, എറണാകുളം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്കും ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കും. തിരക്ക് കണക്കിലെടുത്ത് ഇന്ന് രാവിലെ 10 മണി മുതൽ നിലയ്ക്കൽ-പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് മലകയറ്റത്തിന് അനുമതിയുണ്ടായിരിക്കില്ല.

ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് സന്നിധാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ 11 മണി മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ മലകയറാൻ അനുവദിക്കില്ല. രാവിലെ 10 മണി മുതൽ നിലയ്ക്കൽ-പമ്പ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദർശിക്കുന്നതിനായി ഏകദേശം ഒന്നര ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്നാണ് കണക്ക്.

ഉച്ചയ്ക്ക് 2.50-നാണ് മകരസംക്രമ പൂജകൾ ആരംഭിക്കുന്നത്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. ഇത്തവണ മരുതമനയിൽ ശിവൻകുട്ടി ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് തിരുവാഭരണ വാഹക സംഘം എത്തുന്നത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ച് രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.


Post a Comment

0 Comments