കോഴിക്കോട്ടെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു; മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് ഫെബ്രുവരിയിൽ ഉദ്ഘാടനം



കോഴിക്കോട്: കോഴിക്കോട് നഗരത്തിൻറെ മുഖച്ഛായ മാറുന്ന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതി യാഥാർഥ്യമാവുന്നതോടെ ന​ഗരത്തിലെ ​ഗതാ​ഗത കുരുക്കിന് പരിഹാരമാവുമെന്നും യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. ഭൂമി ഏറ്റെടുക്കാൻ 344.5 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനുകീഴിൽ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുക. റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും.

കാര്യേജ് വേയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതം പേവ്‌മെന്റും നിർമിക്കും. രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയും ഇരുവശത്തും നിർമിക്കും. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജങ്‌ഷനുകളിൽ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകൾ നിർമിക്കും.

Post a Comment

0 Comments