എസ്‌ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍


ന്യൂഡല്‍ഹി: എസ്‌ഐആറിന്റെ ഭാഗമായി പൗരത്വം പരിശോധിക്കുന്നത് വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമായി മാത്രമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പൗരത്വം തെളിയിക്കാത്തവരെ നാടുകടത്താന്‍ ഉദ്ദേശിച്ചുള്ളതല്ല പരിശോധന. പൗരത്വം പരിശോധിക്കുന്നതില്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കടുത്ത അന്വേഷണങ്ങള്‍ നടത്തുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

പൗരത്വം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് ഹരജിക്കാരിലൊന്നായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് (എഡിആര്‍) വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരാളെ വോട്ടറായി രജിസ്റ്റര്‍ ചെയ്യുക എന്ന പരിമിതമായ ഉദ്ദേശ്യത്തിന് അയാള്‍ പൗരനാണെന്ന് ഉറപ്പിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് കമ്മീഷനു വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി മറുപടി നല്‍കി. ഇതിന് മറ്റ് അനന്തരഫലങ്ങളില്ല. പൗരത്വം തെളിയിച്ചില്ലെങ്കില്‍ നാടുകടത്താനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വം തീരുമാനിക്കുംവരെ ഒരു വ്യക്തിയുടെ വോട്ടവകാശം തടയാന്‍ കഴിയുമോയെന്ന് കഴിഞ്ഞ തവണ ഹരജികള്‍ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി ചോദിച്ചിരുന്നു. വോട്ടറുടെ യോഗ്യത പരിശോധിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിയമപ്രകാരം അധികാരമുണ്ടെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. വോട്ടറുടെ യോഗ്യതയില്‍ സംശയംതോന്നിയാല്‍ അറിയാനുള്ള അന്വേഷണം നടത്താന്‍ ഇആര്‍ഒക്ക് അധികാരമുണ്ട്. പല നിയമത്തിലും പൗരത്വം പരിശോധിക്കാനുള്ള ഇത്തരം അധികാരം നല്‍കിയിട്ടുണ്ടെന്ന് ഖനി, ധാതുവികസന നിയന്ത്രണനിയമം ചൂണ്ടിക്കാട്ടി കമ്മീഷന്‍ വാദിച്ചിരുന്നു.

Post a Comment

0 Comments