തിരുവനന്തപുരം: പക്ഷിപ്പനി ജാഗ്രതയും, വർധിച്ചുവരുന്ന വിലക്കയറ്റവും മലയാളിയെ ബാധിച്ചിട്ടില്ലെന്നാണ് കോഴിയിറച്ചി വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 31ന് മാത്രം സംസ്ഥാനത്ത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയാണ് മലയാളി കഴിച്ചുതീർത്തത്. ആലപ്പുഴയിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും സംസ്ഥാന വ്യാപകമായി കച്ചവടത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഡിസംബർ 31ന് മാത്രം ഏകദേശം 9.04 ലക്ഷം രൂപയുടെ അധിക വിൽപന നടന്നതായാണ് റിപ്പോർട്ടുകൾ.
സാധാരണ ദിവസങ്ങളിൽ ശരാശരി 22.6 ലക്ഷം കിലോ ഇറച്ചിയാണ് കേരളത്തിൽ വിറ്റഴിക്കാറുള്ളത്. എന്നാൽ ആഘോഷവേളയിൽ ഇതിൽ 40 ശതമാനത്തോളം വർധനവുണ്ടായതായി ഓൾ കേരള പൗൾട്രി ഫെഡറേഷൻ വ്യക്തമാക്കുന്നു. 3.5 ലക്ഷം കിലോ വീതമാണ് എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കോഴിയിറച്ചി വില്‍പ്പന നടന്നത്. ഏറ്റവുമധികം കോഴിയിറച്ചി വില്‍പ്പന നടന്നതും ഈ ജില്ലകളിലാണ്. 3.15 ലക്ഷം കിലോയുടെ വില്‍പ്പന നടന്ന തൃശ്ശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. 84,000 കിലോ കോഴിയിറച്ചി വിറ്റ് വയനാടാണ് വില്‍പ്പനയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
രണ്ട് വർഷം മുൻപത്തെ പുതുവത്സര ആഘോഷങ്ങളിൽ ഇത് പരമാവധി 22 ലക്ഷം കിലോ മാത്രമായിരുന്നു. അവിടെ നിന്നാണ് മുപ്പത് ലക്ഷത്തിന് മുകളിലേക്ക് വിൽപന കുതിച്ചത്. നിലവിൽ ലൈവ് ചിക്കന് കിലോയ്ക്ക് 164 രൂപ മുതൽ 168 രൂപ വരെയാണ് വില. വില ഉയർന്ന നിലയിലാണെങ്കിലും ബിരിയാണി, അൽഫാം, മന്തി തുടങ്ങിയ വിഭവങ്ങളോടുള്ള പ്രിയം കാരണം ഡിമാൻഡിൽ കുറവുണ്ടായില്ല. വരും ദിവസങ്ങളിലും ആവശ്യകത കൂടാൻ സാധ്യതയുള്ളതിനാൽ വില ഇനിയും ഉയർന്നേക്കാം. സംസ്ഥാനത്തെ ഉൽപ്പാദനത്തേക്കാൾ കൂടുതൽ ആവശ്യകത വരുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കോഴികളെ എത്തിക്കേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
0 Comments