ആന്റണി രാജു അയോഗ്യൻ; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

 



തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജു അയോഗ്യൻ. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അപ്പീലിൽ ശിക്ഷയും വിധിയും കോടതി സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ തിരികെ പദവി ലഭിക്കൂ.

വിധി വന്ന നിമിഷം തന്നെ ആന്റണി രാജു എംഎൽഎ അല്ലാതായി മാറി. രണ്ട് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാൽ ഒരു നിയമസഭാംഗം അയോഗ്യനാക്കപ്പെടും. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല. വിധിയിൽ ആന്റണി രാജുവിന് അപ്പീൽ പോവാൻ ഒരു മാസം സമയമുണ്ട്. എന്നാൽ അപ്പീൽ പോയാലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അതിൽ സ്റ്റേ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നെടുമങ്ങാട് സിജെഎം കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. തൊണ്ടിമുതൽ തിരിമറി കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ.

ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.

Post a Comment

0 Comments