ധർമ്മടത്ത് കരുത്തനായ സ്ഥാനാർത്ഥി വരും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

 


മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ഇക്കുറി യുഡിഎഫിനായി കരുത്തുറ്റ സ്ഥാനാർത്ഥി തന്നെ വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും, ജനപിന്തുണയാണ് തങ്ങളുടെ കരുത്തെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്ന റിപ്പോർട്ടുകളിൽ ഇതുവരെ കോൺഗ്രസ് ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും, മുന്നണിയുടെ നന്മയ്ക്കായി ആർക്കും സംഭാവനകൾ നൽകാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

മുന്നണിയിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചിട്ടില്ലെന്നും പാലാ, കൊട്ടാരക്കര സീറ്റുകളെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബലാത്സംഗക്കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാളെ കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോ എന്നും രാഷ്ട്രീയ ധാർമ്മികതയുടെ പ്രശ്നമാണിതെന്നും സണ്ണി ജോസഫ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.


Post a Comment

0 Comments