ജാമ്യമില്ല; ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും; ​ഗുൽഫിഷയടക്കം അഞ്ച് പേർക്ക് ജാമ്യം



ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. സുപ്രിംകോടതി ജഡ്ജിമാരായ അരവിന്ദ് കുമാർ, എൻ.വി അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒമ്പത് പേരാണ് ഹരജി നൽകിയിരുന്നതെങ്കിലും ഇന്ന് ഏഴു പേരുടെ ഹരജിയിലാണ് വിധി പറഞ്ഞത്.

ഉമറിനും ഷർജീലിനും ജാമ്യം നൽകരുതെന്ന ഡൽഹി പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതി വിധി ന്യായം അംഗീകരിച്ചാണ് സുപ്രിംകോടതി വിധി. അഞ്ച് വർഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ഉമർ ഖാലിദിനും ഷർജീലിനും ജാമ്യം നിഷേധിച്ചത്.

വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. കർശന വ്യവസ്ഥയിലാണ് അ‍ഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു. 12 ജാമ്യ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്. ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, അഥർഖാൻ, അബ്ദുൽ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, ഷിഫാഉർറഹ്മാൻ, ശദാബ്‌ അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്.


Post a Comment

0 Comments