കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജനുവരി 22, 23 തീയതിയില്‍ കണ്ണൂര്‍ പോലീസ് സിന്തറ്റിക്ക് ട്രാക്കില്‍ നടക്കുന്ന സംസ്ഥാനതല കായിക മത്സരം 'ബഡ്സ് ഒളിമ്പിയ 2.0' ന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ എന്നിവരെ മുഖ്യ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. ജില്ലയിലെ എം.പി മാര്‍, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളാകും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര വൈസ് ചെയര്‍മാനായും പ്രവർത്തിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയനാണ് ജനറല്‍ കണ്‍വീനര്‍.
മത്സരത്തില്‍ 800 ലധികം വിദ്യാര്‍ഥികള്‍ വിവിധ ജില്ലകളില്‍ നിന്നായി പങ്കെടുക്കും. ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചലനാത്മകത, ശാരീരികക്ഷമത, ഏകാകൃത എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ശ്രീജിത്ത് ഓണ്‍ലൈനായി പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ കമ്മിറ്റി അവതരണം നടത്തി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബോബി എണ്ണച്ചേരിയില്‍, കെ.വി ഷക്കീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് ഫായിസ് അരൂള്‍, പി പ്രശാന്തന്‍, ജെസ്സി ഷിജി വട്ടക്കാട്, ആര്‍ ബബിത കുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി ചന്ദ്രന്‍, പി.പി സുജയ, ടി.വി ചന്ദ്രന്‍, സനൂപ് മോഹന്‍, പി പ്രഹ്‌ളാദന്‍, സി.കെ റസീന, സിജി സണ്ണി, എന്‍ അനൂപ്, എ.ഡി.എം.സി കെ. വിജിത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.എം അഖില്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments