നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളം മുറുകുകയാണ് കുട്ടാനാട് മണ്ഡലത്തിൽ. മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. എൽഡിഎഫിൽ എൻസിപി, യുഡിഎഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം, എൻഡിഎയിൽ ബിഡിജെഎസ് മൂന്ന് മുന്നണികളും ഘടകക്ഷികൾക്ക് നൽകിയിരിക്കുന്ന സീറ്റാണ് കുട്ടനാട് .
സിറ്റിംഗ് എംഎൽഎ തോമസ് കെ തോമസ് തന്നെ എൽഡിഎഫിൽ മത്സരിക്കും. തോമസ് കെ തോമസിനെതിരായി സിപിഐഎം ജില്ലാ കമ്മറ്റിയിൽ ഉൾപ്പടെ കടുത്ത വിമർശനം ഉയർന്നിരുന്നു. പാർട്ടി ശക്തികേന്ദ്രമായ കുട്ടനാട്ടിൽ സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും ഒരു വിഭാഗം ആവശ്യമുയർത്തി. എന്നാൽ, എൻസിപിയിൽ നിന്ന് സീറ്റ് വാങ്ങില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും വ്യവസായിയുമായ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് നേതാവ് അനിൽ ബോസ് അടക്കം കുട്ടനാട് സീറ്റിന് വേണ്ടി വാദിച്ചെങ്കിലും ജോസഫ് വിഭാഗം എതിർത്തു. റെജി ചെറിയാൻ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും സജീവമാക്കി.
എൻഡിഎയിൽ ബിഡിജെഎസിനാണ് സീറ്റ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കാൻ എൻഡിഎക്ക് സാധിച്ചെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാനാണ് ആലോചന. എന്നാൽ തുഷാർ സമ്മതം മൂളിയിട്ടില്ല. ഈ മാസം പകുതിയോടെ മൂന്ന് മുന്നണികളും അന്തിമ തീരുമാനത്തിലെത്തും. വെള്ളപ്പൊക്കമടക്കം പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത നിരവധിപ്രശ്നങ്ങളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ള വെല്ലുവിളി.

0 Comments