തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷമായി നടപ്പാക്കാൻ കഴിയാത്തത് ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചു എന്ന ആരോപണം എതോ നിരാശയിൽ നിന്ന് ഉടലെടുത്ത ബാലിശമായ ആരോപണമാണെന്നും മുഖ്യമന്ത്രി. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർഥ്യമായത് കഴിഞ്ഞ പത്തുവർഷംകൊണ്ടാണ്. കൺമുമ്പിലുള്ള ഇത്തരം യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടോറിക്ഷ സ്റ്റാന്റുകൾ സ്മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സർക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്. സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും ‘കണക്റ്റ് ടു വർക്ക്’ സ്‌കോളർഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാർഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കുമുള്ള സർക്കാരിന്റെ കൈത്താങ്ങാണെന്നും മുഖ്യമന്ത്രി പറഞ്ഞു

0 Comments