ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

 



ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെ പരിശോധന പൂർത്തിയാക്കി എസ്ഐടി. എട്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഇന്നലെ  ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. വിശദമായ പരിശോധനയാണ് വീട്ടിൽ നടത്തിയത്. കൂടാതെ പ്രാദേശിക തലത്തിലുള്ള ഒരു സ്വർണ്ണപ്പണിക്കാരനെ കൂടെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. വീട്ടിൽ നിന്നും രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം.

സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ, വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടിലെ സ്വർണ്ണം ഉൾപ്പെടെയുള്ള ഉരുപ്പടികൾ എന്നിവ എസ്ഐടി പരിശോധിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് കുടുംബാം​ഗങ്ങളോട് ചോദിച്ചറിഞ്ഞതായാണ് വിവരം. ആദ്യഘട്ടത്തിൽ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് മരുമകൾ ഉൾപ്പെടെയുള്ളവരെ വീട്ടിലേക്ക് കയറാൻ അനുവദിച്ചത്. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് ബന്ധുക്കളോട് എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞു.

ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൗനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്

Post a Comment

0 Comments