ആരോഗ്യകരമായ ശീലമെന്ന നിലയിൽ രാത്രി നേരത്തെ അത്താഴം കഴിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. എന്നാൽ ഏഴു മണിക്ക് അത്താഴം കഴിഞ്ഞ്, പാതിരാത്രി വരെ ഉറക്കമിളച്ചിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ അത്താഴം കഴിച്ചതിനുശേഷം വീണ്ടും വിശപ്പ് അനുഭവപ്പെടുകയും രണ്ടാമതും ലഘുഭക്ഷണമോ അത്താഴമോ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
എന്തുകൊണ്ടാണ് വീണ്ടും വിശക്കുന്നത്?
അത്താഴവും ഉറക്കവും തമ്മിൽ വലിയ ഇടവേള ഉണ്ടാകുമ്പോൾ ആദ്യത്തെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ശരീരം വേഗത്തിൽ ഉപയോഗിച്ചു തീർക്കുന്നു. ഇതോടെ ശരീരം സ്വാഭാവികമായും വിശപ്പിന്റെ സൂചനകൾ നൽകിത്തുടങ്ങും. രാത്രി വൈകിയുള്ള സിനിമാകാഴ്ചകളും മൊബൈൽ ഫോൺ ഉപയോഗവും തലച്ചോറിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതാണ് രാത്രി രണ്ടാമതും ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
രണ്ടുതവണയുള്ള അത്താഴം: ഒളിച്ചിരിക്കുന്ന അപകടങ്ങൾ
അറിയാതെ തന്നെ അമിതമായ കലോറി ശരീരത്തിലെത്താൻ ഈ ശീലം കാരണമാകുന്നു. രാത്രി സമയം വൈകുന്തോറും ശരീരത്തിന്റെ ദഹനപ്രക്രിയ സാവധാനത്തിലാകും. ഈ സാഹചര്യത്തിൽ കഴിക്കുന്ന അധിക ഭക്ഷണം ഊർജ്ജമായി മാറുന്നതിന് പകരം കൊഴുപ്പായി അടിഞ്ഞുകൂടുന്നു. ഇത് വഴി താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
അമിതമായ ശരീരഭാരം
വയറുവീക്കം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾ
ഉറക്കമില്ലായ്മ
വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ താളം തെറ്റൽ
മൂന്ന് മണിക്കൂർ നിയമം പ്രധാനം
അത്താഴം കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ ഉറങ്ങാൻ സാധിക്കുമെങ്കിൽ മാത്രമേ നേരത്തെ കഴിക്കുന്നത് കൊണ്ട് പ്രയോജനമുള്ളൂ എന്ന് താനെയിലെ കെ.ഐ.എം.എസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. അമ്രീൻ ഷെയ്ഖ് വ്യക്തമാക്കുന്നു. ഉറങ്ങുന്നതിന് ഏകദേശം 3 മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. 10 മണിക്ക് ഉറങ്ങുന്നവർ 7 മണിക്കും, 12 മണിക്ക് ഉറങ്ങുന്നവർ 9 മണിക്കും ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണക്രമം: അത്താഴത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, ഫൈബർ, നല്ല കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തുക. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും.
സമയക്രമം: അത്താഴവും ഉറക്കവും തമ്മിൽ വലിയ ഇടവേള വരാത്ത രീതിയിൽ ഉറക്കസമയം ക്രമീകരിക്കുക.
ശീലം മാറ്റാം: രാത്രി ഭക്ഷണത്തിന് ശേഷം സ്നാക്സുകൾ കഴിക്കില്ല എന്ന് ഉറച്ച തീരുമാനമെടുക്കുക.
നിങ്ങളുടെ ദിനചര്യയുമായി പൊരുത്തപ്പെടുന്ന രീതിയിൽ അത്താഴ സമയം ക്രമീകരിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

0 Comments