തിരുവനന്തപുരം:എംഎൽഎമാർ കൂടുതൽ സജീവമാകണമെന്ന് എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വീണ്ടും സ്ഥാനാർഥികൾ ആകും,ചിലർ സ്ഥാനാർഥികളാകില്ല.അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ,മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവസ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി.
സജി ചെറിയാന്റെ പ്രസ്താവനയെ സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം ഇതിനോടകം ഏറ്റുപിടിച്ചിരിക്കുകയാണ്. സജി ചെറിയാനുമായി പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് സംസാരിച്ചേക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ എങ്ങനെ തിരുത്തണമെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും വിവരങ്ങളുണ്ട്.

0 Comments