‘നിരീക്ഷകരെ ആവശ്യമുണ്ട്, ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയണം;സിപിഐഎമ്മിനെതിരെ പി വി അൻവർ

 



സിപിഐഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ. നിരീക്ഷകരെ ആവശ്യമുണ്ട്. ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം. ക്യാപ്സൂൾ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷിക്കാവൂ. അല്ലെങ്കിൽ താക്കീത് ചെയ്യും. പിന്നെ ഭീഷണിപ്പെടുത്തും എന്നായിരുന്നു പി വി അൻവറിന്റെ കുറിപ്പ്.

കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന മാരത്തൺ ചോദ്യംചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും ‘പിണറായിസത്തിനും’ എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നു.

തനിക്കെതിരെയുള്ള വിജിലൻസ് കേസുകൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണെന്ന് അൻവർ ആരോപിച്ചു. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ശബ്ദമുയർത്തിയതാണ് ഈ വേട്ടയാടലിന് കാരണം.

ഒൻപത് കോടി രൂപ വായ്പയെടുത്തിരുന്നുവെന്നും അതിൽ അഞ്ച് കോടിയിലധികം രൂപ തിരിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ ‘തട്ടിപ്പായി’ ചിത്രീകരിച്ച് വിജിലൻസ് എഫ്.ഐ.ആർ ഇട്ടതാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിസത്തെ അവസാനിപ്പിക്കാൻ യുഡിഎഫിനൊപ്പം ചേർന്ന് പോരാടുമെന്നും, ജീവനുണ്ടെങ്കിൽ താൻ അതിന് മുന്നിലുണ്ടാകുമെന്നും അൻവർ പ്രഖ്യാപിച്ചു. നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും സർക്കാർ കെട്ടിച്ചമയ്ക്കുന്ന കേസുകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments