2023-ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കണമെങ്കിൽ, പ്രതിക്ക് മരിക്കാൻ പ്രേരിപ്പിക്കണം എന്ന കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതിനേക്കാൾ, പ്രതിയുടെ ആന്തരികമായ ഉദ്ദേശ്യത്തിനാണ് ഇവിടെ മുൻഗണന നൽകേണ്ടത്- കോടതി വ്യക്തമാക്കി.
ദേഷ്യത്തിന്റെ പുറത്തോ വാക്കുതർക്കത്തിനിടയിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ പറയുന്ന വാക്കുകൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്ന് കോടതി വിലയിരുത്തി. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കാത്തതിനാൽ, തെളിവ് നശിപ്പിച്ചു എന്നാരോപിക്കുന്ന 204 വകുപ്പും പ്രതിക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.
0 Comments