മാവേലിക്കര: ബലാത്സംഗ കേസിൽ റിമാൻഡിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.
കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ ജാമ്യ ഹരജി ഫയൽ ചെയ്തിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം. കോടതി നിഷ്‌കര്‍ഷിക്കുന്ന ഏതൊരു കര്‍ശന ഉപാധികളും പാലിക്കാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഹരജിയില്‍ പറയുന്നു. റിമാൻഡിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ ഉള്ളത്.
കഴിഞ്ഞദിവസമാണ് പത്തനംതിട്ട സ്വദേശിയായ യുവതിയുടെ ബലാത്സംഗ പരാതില്‍ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെ പാലക്കാട് കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ-മെയിൽ വഴിയുള്ള പരാതിയിലുള്ളത്.ക്രൂരമായ ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവ രാഹുൽ നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി.
പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും വീഡിയോ കോൺഫറസിൽ യുവതി മൊഴി നൽകി.പീഡനമല്ലെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നുമാണ് രാഹുലിന്റെ മൊഴി.
0 Comments