ശബരിമല ആഗോള അയ്യപ്പസംഗമത്തില്‍ വരവ് ചെലവ് കണക്ക് നല്‍കാത്തതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

 



എറണാകുളം: ശബരിമല ആഗോള അയ്യപ്പസംഗമത്തില്‍ വരവ് ചെലവ് കണക്ക് നല്‍കാത്തതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ബോര്‍ഡിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം ബോര്‍ഡ് ബെഞ്ച് ചൂണ്ടിക്കാട്ടി. യഥാസമയം കണക്ക് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വരവ് ചെലവ് കണക്ക് അറിയിക്കാന്‍ ഒരു മാസംകൂടി ബോര്‍ഡിന് ദേവസ്വം ബെഞ്ച് സാവകാശം നല്‍കി. സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശം.

വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 3500 പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശവാദമെങ്കിലും 2000 പ്രതിനിധികള്‍ പോലും പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത 4245 പേരില്‍ 623 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ അയ്യപ്പ സംഗമം പരാജയമായിരുന്നുവെന്ന പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments