വിവാഹമോചിതയായ മകളെ കൊട്ടും മേളവുമായി ആഘോഷപൂര്‍വം വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്; കയ്യടിച്ച് സോഷ്യല്‍മീഡിയ,വീഡിയോ


കാണ്‍പൂര്‍: അന്നും ഇന്നും സമൂഹത്തിന്‍റെ കണ്ണില്‍ ഒരു വലിയ തെറ്റാണ് വിവാഹമോചനം. വിവാഹമോചിതയായ സ്ത്രീ തെറ്റുകാരിയും. വലിയ അപകടം സംഭവിച്ചപോലെയാണ് ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ സ്ത്രീയെ സമൂഹം നോക്കിക്കാണുന്നത്. എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തകര്‍ത്തെറിയുകയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു പിതാവ്. വിവാഹമോചിതയായ മകളെ കൊട്ടും പാട്ടും മേളവുമായി ആഘോഷ പൂര്‍വം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഈ അച്ഛന്‍. ഈ വീഡിയോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്.


ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ എന്നയാളാണ്  മകള്‍ ഉര്‍വിക്ക്(36)ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡൽഹിയിലെ പാലം എയർപോർട്ടിൽ എൻജിനീയറായ ഉർവി 2016ലാണ് കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ചകേരി സ്വദേശി ആശിഷിനെ വിവാഹം കഴിക്കുന്നത്. ഡല്‍ഹിയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. "അവളുടെ കല്യാണത്തിന് ശേഷം പറഞ്ഞയച്ച പോലെ തന്നെ ഞങ്ങൾ അവളെ തിരികെ കൊണ്ടുവന്നു. അവൾ വീണ്ടും തല ഉയർത്തി ജീവിതം തുടങ്ങണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു." അനില്‍ കുമാര്‍ പറഞ്ഞു. സ്ത്രീധനത്തിൻ്റെ പേരിൽ ഉർവിയുടെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.ഫെബ്രുവരി 28നാണ് കോടതി വിവാഹമോചനം അനുവദിച്ചത്.


''എട്ട് വർഷത്തെ പീഡനങ്ങളും മർദനങ്ങളും പരിഹാസങ്ങളും സഹിച്ച് ബന്ധം നിലനിർത്താൻ ഞാൻ കഠിനമായി ശ്രമിച്ചു, പക്ഷേ ഒടുവിൽ അത് തകർന്നു," ഉര്‍വി പറയുന്നു. "അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ, ഞാൻ ബാന്‍ഡ് മേളത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു, അതുവഴി സമൂഹത്തിലേക്ക് ഒരു നല്ല സന്ദേശം പകരാനും മാതാപിതാക്കള്‍ക്ക് വിവാഹശേഷം അവരുടെ പെണ്‍മക്കളെ അവഗണിക്കാതെ മനസിലാക്കാനും സാധിക്കും'' അനില്‍ കുമാര്‍ വ്യക്തമാക്കി. "എൻ്റെ മകൾക്കും ചെറുമകൾക്കുമൊപ്പം ജീവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. അതൊരു വല്ലാത്ത അനുഭവമാണ്" ഉർവിയുടെ അമ്മ കുസുമ്‍ലത പറഞ്ഞു."ആദ്യം ഉർവി രണ്ടാം വിവാഹം കഴിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അവളുടെ അച്ഛൻ്റെ ഉദ്ദേശം മനസിലാക്കിയപ്പോൾ അത്ഭുതം തോന്നി" അയൽവാസിയായ ഇന്ദ്രഭൻ സിംഗ് പറഞ്ഞു. അതേസമയം, മാതാപിതാക്കളുടെ തീരുമാനത്തെ അഭിനന്ദിച്ച ഉർവി, പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് മുമ്പ് താനൊരു ഇടവേള എടുക്കുമെന്നും  പറഞ്ഞു.

ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെ ഉര്‍വിയെ ആനയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവാഹഘോഷയാത്രയിലെന്ന പോലെ ബന്ധുക്കളും ചടങ്ങിനുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കിയിരുന്നു. ഉര്‍വി തിരികെ സ്വന്തം വീടിന്‍റെ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങളെല്ലാം വീഡിയോയിലുണ്ട്.


Post a Comment

0 Comments