കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും



ദില്ലി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ വെള്ളിയാഴ്ച (മെയ് 10) ഉത്തരവുണ്ടാകും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രൂം കോടതിയിൽ ഹ‍ർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ ഹർജി പരിഗണിച്ച സുപ്രീം കോടതി, ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർക്കുകയാണ് ചെയ്തത്. ജ്യാമത്തിൽ വാദം കേൾക്കൽ മാറ്റണമെന്ന് ഇ ഡി ആദ്യം ആവശ്യപ്പെട്ടു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാളെന്നും ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുമെന്നും ഇ ഡി കോടതിയിൽ നിലപാടെടുത്തു. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇ ഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ല. ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇ ഡി കോടതിയിൽ വാദിച്ചിരുന്നു.

Post a Comment

0 Comments