തിരുവനന്തപുരം: ജോയിയുടെ മരണം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പ്രതിയാക്കി മനഃപൂർവമായ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗുരുതര കൃത്യവിലോപമാണ് മേയർ നടത്തിയത്. സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ റെയിൽവെയുടെ തലയിൽ എല്ലാം കെട്ടിവെക്കാനുള്ള ശ്രമമാണ് മേയർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയുടെ മരണത്തിൽ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.
മാലിന്യ നിർമാർജ്ജനത്തിന്റെയും വെള്ളക്കെട്ടിന്റെയും കോർപ്പറേഷനുണ്ടായ വീഴ്ച മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് തിരുവനന്തപുരത്ത് നടന്നത്.
സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ റെയിൽവെയുടെ തലയിൽ എല്ലാം കെട്ടിവെക്കാനുള്ള ശ്രമമാണ് മേയറും മന്ത്രിമാരും നടത്തിയത്. അവസാനം മൃതദേഹം ലഭിച്ചത് ഒരു കിലോമീറ്റർ അകലെ കോർപ്പറേഷന്റെ സ്ഥലത്താണ് .
മഴ തുടങ്ങിയിട്ട് രണ്ടര മാസമായി. മഴയ്‌ക്ക് മുമ്പ് ചെയ്ത് തീർക്കേണ്ട ഒരു ജോലിയും നഗരസഭ അധികൃതർ നടത്തിയിട്ടില്ല. 2023-24 കാലേയളവിൽ വെള്ളക്കെട്ട് നിർമാർജ്ജനത്തിന് 8.08 കോടി രൂപയാണ് മാറ്റിവെച്ചത്. എന്നാൽ ഇതുവരെ ചെലവഴിച്ചത് 2.6 കോടി രൂപ മാത്രമാണ്. ഇതിന്റെ ദുരന്തഫലമാണ് നാം അനുഭവിച്ചത്. ജോയിയുടെ മരണം മനഃപൂർവമായ നരഹത്യ തന്നെയാണ്. മേയർ ഉൾപ്പെടുയുള്ളവരുടെ പേരിൽ മനഃപൂർവമായ നരഹത്യയ്‌ക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവുകെട്ട ഭരണമാണ് തിരുവന്തപുരം നഗരത്തിൽ നടക്കുന്നതെന്നും ധിക്കാരവും അഹങ്കാരവും മാത്രമാണ് മേയർക്ക് സ്വന്തമായുള്ളതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയ്‌ക്ക് ഇതിൽ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ അത് നിർവഹിക്കണമെന്നാണ് ബിജെപി നിലപാട്. കുടുംബത്തിന് മാതൃകപരമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനം തയ്യാറാകണം. ജോയിക്ക് നൽകാൻ കഴിയുന്ന ഏക നീതി ഇതായിരിക്കുമെന്നും, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

0 Comments