തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എത്ര ഉയർന്ന തുക നൽകിയും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ പണത്തിനല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻടിപിസി ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഉയർന്ന വില കൊടുത്തായാലും വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കരാർ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടമാവുകയും പകരം 30 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണ്. അടിയന്തര സാഹചര്യത്തിൽ വാങ്ങുക എന്നത് മാത്രമാണ് നിലവിലെ ലക്ഷ്യം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ല എന്ന് പറയാനാവില്ല. എൻപിടിസി അവസാന ഓപ്ഷൻ അല്ല. ഒരുപാട് ഓപ്ഷനുകൾ സർക്കാർ തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻപ് റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിക്കുന്നതിനായുള്ള നിയമനടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സാമ്പത്തിക ബാധ്യത നിലനിൽക്കെ തന്നെ അടിയന്തര സാഹചര്യം മുൻനിർത്തി മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
%20(1).jpg)
0 Comments