വയനാട് ദുരന്തത്തിൽ 310 ഹെക്ടറിൽ കൃഷിനശിച്ചു; ചെളിയിൽ പുതഞ്ഞ് കാപ്പി കൃഷി

 


മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലുണ്ടായ കാർഷിക നഷ്ടം രേഖപ്പെടുത്തി കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. പ്രദേശത്തെ 310 ഹെക്ടറിൽ കൃഷി നശിച്ചതായാണ് റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ പ്രദേശത്ത് കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. ഇവരുടെ ഉപജീവന മാർഗം കൂടിയാണ് ഉരുൾപൊട്ടലോടെ വഴിമുട്ടിയത്.

വാസയോഗ്യമല്ലെന്ന് വിധിയെഴുതിയ പ്രദേശത്ത് ഇനി കൃഷിയിറക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കർഷകർ. 6 ഹെക്ടറിൽ അധികം വനഭൂമിയാണ് ചെളിയിൽ പൊതിഞ്ഞുപോയത്. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി എന്നീ കൃഷികളാണ് പ്രധാനമായും നശിച്ചത്. 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വാഴയും പത്ത് ഏക്കർ വീതവും നശിച്ചു.

ചൂരൽമലയോട് ചേർന്നുള്ള അപൂർവ സസ്യജാലങ്ങൾ ഉള്ള മേഖല സമ്പൂർണമായും ഇല്ലാതായി. കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലമാണ് ഉരുൾപൊട്ടലിനൊപ്പം ഒലിച്ചപോയത്. 2021ലെ പക്ഷി സർവേയിൽ166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 200 പമ്പ് സെറ്റുകൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ എന്നിവയും നശിച്ചു.

Post a Comment

0 Comments