മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം: അഷ്‌റഫിന്റെ കബറടക്കം ഇന്ന്, 20 പേര്‍ അറസ്റ്റില്‍


മംഗളൂരു: മംഗളൂരു ആള്‍ക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്‌റഫിന്റെ കബറടക്കം ഇന്ന് നടക്കും. മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. രണ്ട് ദിവസം മുന്‍പാണ് കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ അഷ്റഫിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍ക്കൂട്ട ആക്രമണമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഷ്റഫ് വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരന്‍ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ് അബ്ദുള്‍ ജബ്ബാറിനെന്നും സഹോദരന്‍ പറഞ്ഞു.

മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരാണ് അഷ്‌റഫിനെ മര്‍ദിച്ചത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തിലേക്കും ആള്‍ക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംബ് കൊണ്ടും അഷ്‌റഫിനെ സംഘം പൊതിരെ തല്ലുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് വിവരം.

Post a Comment

0 Comments