‘പഹൽഗാം ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു, പ്രത്യേക സമ്മേളനം വിളിക്കണം’; രാഹുൽ ഗാന്ധി


ന്യൂഡൽഹി: ജമ്മു കശ്മീരിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആവശ്യം ഉന്നയിച്ചു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കത്തിന്റെ പൂർണരൂപം അദ്ദേഹം തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ചു.

‘‘പഹൽഗാം ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു. ഈ നിർണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടെന്ന് കാട്ടി കൊടുക്കണം. അതിനായി പ്രത്യേക സമ്മേളനം എത്രയും പെട്ടെന്ന് വിളിക്കണം’’ –രാഹുൽ ഗാന്ധി കത്തിൽ കുറിച്ചു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർവകക്ഷി യോഗത്തിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതിനെ ഖാർഗെ വിമർശിച്ചിരുന്നു.

ഐക്യം ആവശ്യമുള്ള സമയത്ത് ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടത്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടതിനു ശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു പഹൽഗാം ഭീകരാക്രമണം.

Post a Comment

0 Comments