ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരുനടന്‍ കൂടി നിരീക്ഷണത്തില്‍


ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സൈസ് സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പോലീസിനു മുന്നില്‍ ഹാജരായ ഷൈന്‍, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. ഷൈന്‍ പരാമര്‍ശിച്ച നടന്‍ എക്സൈസ് നിരീക്ഷണത്തിലാണ്. മൊഴിയില്‍ സത്യമുണ്ടെന്നു വ്യക്തമായാല്‍ നടനെയും വിളിപ്പിക്കും. ആലപ്പുഴക്കാരനല്ലാത്ത നടനെയാണ് സംശയിക്കുന്നത്.

ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകള്‍ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്.

Post a Comment

0 Comments