വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി


തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. 351.48 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷല്‍ ഓഫിസറും ഇപിസി കോണ്‍ട്രാക്ടറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് കോണ്‍ട്രാക്ടറായ യുഎല്‍സിസിഎസിന് മുന്‍കൂര്‍ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ക്ക് അനുവദിക്കും.

ഇതിനു പുറമെ എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കലക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അക്കൗണ്ടിലേക്കു പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. വയനാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയും സാധൂകരിച്ചിട്ടുണ്ട്.


Post a Comment

0 Comments