ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്; അഭിമാനമെന്ന് ഖർഗെയും രാഹുലും



ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പമാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. സേനയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കുറിച്ചു.

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തി. 'പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇനിയൊരു പഹൽഗാം ആവർത്തിക്കാതിരിക്കാൻ പാകിസ്താനെ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കണം. ജയ് ഹിന്ദ്' എന്നാണ് ഉവൈസി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Post a Comment

0 Comments