'നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി'; 'പ്രധാനമന്ത്രി വിശ്വാസം കാത്തു'



ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സൈന്യത്തിനും സര്‍ക്കാരിനും നന്ദി അറിയിച്ച് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നപേരില്‍ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ നീക്കത്തിന് എല്ലാവിധ പിന്തുണയും അവര്‍ അറിയിച്ചു.

നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന് ഭീകരര്‍ക്ക് ലഭിച്ച ഉചിതമായ മറുപടിയാണിതെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൂണെ സ്വദേശിയായ സന്തോഷ് ജഗ്‌ദേലിന്റെ ഭാര്യ പ്രഗതി ജഗ്‌ദേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ഈ ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നു'', പ്രഗതി കൂട്ടിച്ചേര്‍ത്തു.

തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പ്രതികാരംചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ''എന്റെ മുഴുവന്‍ കുടുംബവും അദ്ദേഹത്തെ വിശ്വസിച്ചിരുന്നു. പാക് ഭീകരര്‍ക്ക് മറുപടി നല്‍കിയരീതിയിലൂടെ അദ്ദേഹം ഞങ്ങളുടെ വിശ്വാസം കാത്തു. ഇതാണ് എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ഥ ആദരാഞ്ജലി. എന്റെ ഭര്‍ത്താവ് എവിടെയായിരുന്നായാലും അദ്ദേഹം ഇന്ന് സമാധാനത്തോടെയായിരിക്കും'', ശുഭം ദ്വിവേദിയുടെ ഭാര്യ പറഞ്ഞു.


Post a Comment

0 Comments